കക്കയം ഡാമിൽ റെഡ് അലർട്ട്; നീരൊഴുക്ക് കുറഞ്ഞതിനാല്‍ തല്‍ക്കാലത്തേക്ക് ഡാം തുറക്കില്ല
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും
കോഴിക്കോട്:കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ട് മണിയോടെ വെള്ളം ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാം ഗേറ്റുകൾ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 757.34 മീറ്ററാണ് നിലവിലെ ജലനിരപ്പ്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. ഇതേ തോതിൽ മഴ തുടരുകയാണെങ്കിൽ ഡാമിന്റെ റെഡ് അലർട്ട് ലെവലായ 757.50 മീറ്റർ എത്താനിടയുണ്ട്. ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരുന്നു.
അതേസമയം, ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ വെള്ളം തുറന്ന് വിടും. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139. 45 അടിയിലെത്തി.10 ഷട്ടറുകൾ 90 സെ.മീ അധികമായി ഉയർത്തി 7246 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകാത്തതിനാൽ സ്പിൽവേ ഷട്ടർ വഴി തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല, ആറ്റോരം,കടശ്ശികടവ്,കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ക്രമീകരിച്ച് നിർത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിന്നൊഴുക്കുന്ന ജലം കൂടി എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. 2386.46 അടി വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. അനുവദനീയ സംഭരണ ശേഷിയും കടന്നതോടെ ഇടമലയാർ ഡാം ഇന്ന് തുറക്കും. പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.