കണ്ണൂർ, കാസർകോഡ് ജില്ലകളിൽ റെഡ് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളില്‍ ക്യാമ്പുകൾ തുറന്നു

Update: 2023-07-06 11:05 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് കാസർകോഡ്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയായിരിക്കും ഈ ജില്ലകളിൽ ലഭിക്കുകയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ വയനാട് വരെ ഓറഞ്ച് അലേർട്ട് ആണ്. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് മഴമുന്നറിയിപ്പില്ലാത്തത്. ഇന്നും നാളെയും വടക്കൻ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മലയോരമേഖലയിലും അതീവജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

അതേസമയം,ഇന്ന് കണ്ണൂർ കാപ്പിമലയിൽ ഉരുൾ പൊട്ടലുണ്ടായി. മരങ്ങൾ വീണും മണ്ണിടിഞ്ഞും നിരവധി വീടുകൾക്ക് തകരാർ സംഭവിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കാസർകോഡ് വെള്ളരിക്കുണ്ടിലാണ് ബുധനാഴ്ച ഏറ്റവും കൂടുതൽ മഴകിട്ടിയത്. 24 മണിക്കൂറിനിടെ 27.05 സെന്റിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. താഴ്ന്ന പ്രദേശങ്ങളും നദീതീര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മയ്യഴി, വയനാട് കല്ലൂർ പുഴ,കാരശേരി ചെറുപുഴ, പാലക്കാട് ഗായത്രിപ്പുഴ എന്നിവ കരകവിഞ്ഞു. മണിമലയാർ, പമ്പ, അച്ചൻകോവിലാർ എന്നിവയിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്.

അപ്പർകുട്ടനാട് പ്രദേശം പ്രളയഭീതിയിലാണ്. കനത്ത കാറ്റിൽ മരങ്ങൾ വീണ് ഇന്നും വ്യാപക നാശമുണ്ടായി. മരം വീണും മണ്ണിടിഞ്ഞും നിരവധി വീടുകൾക്ക് തകരാറുണ്ടായി.തിരുവനന്തപുരത്ത് ടെറസിൽ നിന്ന്കാൽതെറ്റി വീണ് വയോധികനുംകുളത്തിൽ മുങ്ങി പത്താം ക്ലാസുകാരനുംമരിച്ചു.. ഇതോടെ സംസ്ഥാനത്തെമഴ മരണം പത്തായി. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. എറണാകുളം, കൊല്ലം, പൊന്നാനി, കാസർകോഡ് ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായത്. വിവിധ ജില്ലകളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. അപകടസാധ്യതാ മേഖലകളിൽനിന്ന് നിരവധി പേരെ ഒഴിപ്പിച്ചു. എറണാകുളം കണ്ണമാലിയിൽ ഇന്നും നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News