വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. നിയമനടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്
തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറച്ചതിൽ വിശദീകരണം തേടി സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. നിയമനടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്.
32000-ത്തോളം കോടി രൂപ വായ്പയ്ക്ക് അർഹതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നെങ്കിലും അനുവദിച്ചത് 15,390 കോടി രൂപ. വായ്പാ പരിധി വെട്ടിക്കുറച്ചതിന്റെ കാരണം ബോധിപ്പിക്കാതെയായിരുന്നു കേന്ദ്ര നടപടി. കാരണം വിശദമാക്കണമെന്ന് കാണിച്ചാണ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഇപ്പോൾ ധനമന്ത്രാലയത്തിന് കത്തയച്ചത്.
കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങൾ, പെൻഷൻ കൊടുക്കാൻ രൂപീകരിച്ച കമ്പനി എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര നടപടിയെന്ന് വിലയിരുത്തുമ്പോഴും അതിന്റെ കണക്കുകൾ ലഭ്യമാകണമെന്നാണ് സർക്കാർ നിലപാട്. കേന്ദ്രത്തിന്റെ മറുപടി വന്ന ശേഷമാകും സംസ്ഥാന സർക്കാരിന്റെ തുടർ നീക്കങ്ങൾ.ഇക്കാര്യത്തിൽ നിയമപരമായ നടപടികളും ആലോചിക്കുന്നുണ്ട്.