'ആനിരാജക്കെതിരായ പരാമർശം പിൻവലിക്കണം, തിരുത്തണം'; എം.എം മണിക്കെതിരെ എ.ഐ.വൈ.എഫ്
'സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം മണി സമൂഹത്തിനു നൽകുന്നത്'
തിരുവനന്തപുരം: ആനി രാജയ്ക്ക് എതിരെയുള്ള ഉടുമ്പൻചോല എം.എൽ.എ എം.എം മണിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ്. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല. എം.എം മണിയിൽ നിന്ന് പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്. പുരോഗമന ആശയങ്ങൾ ഉയർത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ. സഭ്യമായ ഭാഷയിൽ സംവാദങ്ങൾ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം മണി സമൂഹത്തിനു നൽകുന്നതെന്നും ഇത് തിരുത്തണമെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ എം.എം മണി തയ്യാറാകണം. ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമർശം എം.എം മണി പിൻവലിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
'അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍' എന്നായിരുന്നു ആനി രാജയ്ക്കെതിരായ മണിയുടെ പരാമര്‍ശം. 'അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും'- മണി പറഞ്ഞു. കെ.കെ. രമയ്‌ക്കെതിരേ മണി നടത്തിയ വിധവാ പരാമര്‍ശത്തില്‍ ആനി രാജ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി.