ട്രെയിനിൽ കേരള പൊലീസുകാർ അമിതമായി മദ്യപിച്ചു; തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ ഗുരുതര കണ്ടെത്തലുമായി റിപ്പോർട്ട്
കേസിനാസ്പദമായ സംഭവം 'ഉണ്ട' സിനിമയുടെ പ്രമേയം
തിരുവനന്തപുരം: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ ഗുരുതര കണ്ടെത്തലുമായി പ്രാഥമികാന്വേഷണ റിപ്പോർട്ട്. ട്രെയിനിൽ ഉദ്യോഗസ്ഥർ അമിതമായി മദ്യപിച്ചുവെന്നും ആയുധങ്ങൾക്കും തിരകൾക്കും ആവശ്യമായ സുരക്ഷ നൽകിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. സംഭവത്തിൽ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി. ഡ്യൂട്ടി കഴിഞ്ഞിട്ടും തോക്കും തിരകളും വാങ്ങി സൂക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇതോടെ സംഭവത്തിൽ 10 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് പോകുന്നതിനിടെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥർക്കുള്ള സ്‌പെഷ്യൽ ട്രെയിനിൽനിന്ന് ജബൽപൂരിൽ വെച്ചാണ് തോക്കും തിരയും നഷ്ടപ്പെട്ടത്. ഇതിനെ തുടർന്ന് 200 കിലോമീറ്ററോളം പിറകോട്ട് പോയി പൊലീസ് സംഘം തെരച്ചിൽ നടത്തിയിരുന്നു. പക്ഷേ അവ കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്.