കുറുവ അരിക്ക് 40 രൂപ, ജയ അരിക്ക് 52 രൂപ; സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു
വില നിയന്ത്രിക്കാന്‍ സപ്ലൈകോ വഴി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി
തൃശ്ശൂർ: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയിൽ 52 രൂപയാണ് വില.കുറുവ അരിക്ക് 40 രൂപയായി. നാല് മാസത്തിനുള്ളിൽ ജയ അരിക്ക് 10 രൂപയാണ് കൂടിയത്.വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ജയ, വടി മട്ട, കുറുവ അരികൾക്കാണ് വില ഗണ്യമായി കൂടിയത്.
ആന്ധ്രപ്രദേശിൽ നിന്ന് അരി വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ 34-35 രൂപ ഹോൾ സെയിൽ വിലയായിരുന്ന ജയ അരിക്ക് ഇപ്പോൾ വില 48 രൂപയാണ്. ഓണത്തിന് മുൻപ് ഇത് 50 രൂപ ആകും. വടി മട്ടയുടെ വിലയും 48 ആയി. ഇവ രണ്ടിന്റെയും റീടെയിൽ വില 50 മുതൽ 53 വരെ എത്തി. കുറുവ അരി റീറ്റൈൽ വില 40 രൂപയോളമാണ്.
ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒറീസ്സ,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. കൃഷി നാശം, മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയൊക്കെ വില വർധനവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, അരി വില വർധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ പറഞ്ഞു.700 ലോഡ് അരി സപ്ലൈകോ വഴി വരുന്നുണ്ടെന്നും വില ഉയരാതിരിക്കാൻ സപ്ലൈകോ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.