മകളുടെ വിവാഹം: റിപ്പർ ജയാനന്ദന് രണ്ടു ദിവസത്തെ പരോൾ

വിവിധ ഇടങ്ങളിലെ മോഷണത്തിനിടെ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിയാണ് റിപ്പർ ജയാനന്ദൻ

Update: 2023-03-18 13:00 GMT
Advertising

കൊച്ചി: റിപ്പർ ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ. പൊലീസ് അകമ്പടിയോടെ ആയിരിക്കും വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കുക. വിവിധ ഇടങ്ങളിലെ മോഷണത്തിനിടെ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിയാണ് റിപ്പർ ജയാനന്ദൻ.

രണ്ട് ദിവസത്തെ പരോളാണ് ജയാനന്ദന് അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസവും രാവിലെ 9 മണിക്ക് പരോളിലിറങ്ങിയാൽ 5 മണിക്ക് തിരിച്ച് ജയിലിൽ കയറണം എന്നതാണ് ഹൈക്കോടതി നിർദേശം.

Full View

2007ൽ പറവൂർ പൊലീസിന്റെ പിടിയിലായ ഇയാൾ നിരവധി തവണ ജയിൽ ചാടാൻ ശ്രമിച്ചിരുന്നു. സിനിമാക്കഥയെ വെല്ലുന്ന ജീവിതയമായിരുന്നു ഇയാളുടേത്. വളരെ സാഹസികമായാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ആദ്യം വധശിക്ഷയാണ് കോടതി വിധിച്ചതെങ്കിലും പിന്നീടിത് മരണം വരെ തടവുശിക്ഷയായി കുറച്ചു നൽകുകയായിരുന്നു.

കേരളത്തെ വിറപ്പിച്ച കൊലയാളി, സിബിഐ പോലും മുട്ടുമടക്കി; ആരാണ് റിപ്പര്‍ ജയാനന്ദന്‍?

2003 സെപ്തംബറില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരന്‍ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ ജോസിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ജയാനന്ദന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവസ്ഥത്ത് പരിശോധന നടത്തിയ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ലിരുന്നില്ല. വിരലടയാളങ്ങളോ സാക്ഷികളോ മറ്റ് തെളിവുകളോ ഒന്നും ലഭിച്ചില്ല. പൊലീസിന്റെ പരാജയം വലിയ വിജയമായാണ് ജയാനന്ദന്‍ കണക്കാക്കിയത്. കേസില്‍ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഒരിക്കലും താന്‍ പിടിക്കപ്പെടില്ലെന്നും അയാള്‍ കരുതി.

2004 മാര്‍ച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ മരുമകള്‍ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദന്‍ കൊന്നത്. മറ്റൊരു മരുമകളായ നൂര്‍ജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദന്‍ കവര്‍ന്നു. മറ്റ് കൊലപാതകങ്ങള്‍ പോലെതന്നെ തെളിവുകള്‍ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിയിച്ചില്ല.

2004 ഒക്‌ടോബറില്‍ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിര്‍മ്മലയുമായിരുന്നു ഇരകള്‍. അവിടെ നിന്ന് പതിനൊന്ന് പവന്‍ സ്വര്‍ണവും പ്രതി കവര്‍ന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ കടന്ന ജയാനന്ദന്‍, ശബ്ദം കേട്ട് ഉണര്‍ന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂര്‍ ബീവറേജസ് ജീവനക്കാരന്‍ സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്‌ടോബറില്‍ നടന്ന പുത്തന്‍വേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവില്‍ എറണാകുളം തൃശൂര്‍ അതിര്‍ത്തി മേഖലകളില്‍ നടന്ന പല മോഷണങ്ങളുടേയും പിന്നില്‍ ജയാനന്ദനായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച സ്ത്രീകളായിരുന്നു ലക്ഷ്യം.

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ജയാനന്ദനുണ്ടായിരുന്നുള്ളൂ. സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയതെന്നായിരുന്നു ജയാനന്ദന്റെ മൊഴി. വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യില്‍ സോക്സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയില്‍ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദന്‍ പൊലീസിനോട് പറഞ്ഞു.

ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയില്‍ശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദന്‍. രണ്ടുതവണ ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഹടവുകാരനോടൊപ്പം ജയില്‍ചാടി. പിന്നീട് തൃശൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദന്‍ ജയില്‍ചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്. ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News