റിസ്‌വാനയുടെ മരണം; ഭർത്താവിനെയും ഭർത്യപിതാവിനെയും അറസ്റ്റു ചെയ്തു
റിസ്‍വാന സുഹൃത്തുക്കള്‍ക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു
കോഴിക്കോട്: വടകര സ്വദേശി റിസ്‍വാനയുടെ മരണത്തില്‍ ഭർത്താവ് ഷംനാസിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേര്‍ത്ത് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മേയ് ഒന്നിനാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്‍റെ മകള്‍ റിസ്‍വാനയെ കൈനാട്ടിയിലെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്യവീട്ടിലെ അലമാരയില്‍ തൂങ്ങി മരിച്ചെന്നായിരുന്നു വീട്ടുകാര്‍ റിസ്‍വാനയുടെ വീട്ടുക്കാരെയും പൊലീസിനെയും അറിയിച്ചിരുന്നത്. തൂങ്ങി മരിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റാരും കണ്ടിരുന്നില്ല. സംഭവം നടന്നതിന് ശേഷം റിസ്‍വാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും റിസ്‍വാനയുടെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് റിസ്‍വാനയുടെ കുടുംബത്തിന്‍റെ ആരോപണം. ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിസ്‍വാനയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് റിസ്‍വാന ഭര്‍ത്യവീട്ടില്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. റിസ്‍വാന സുഹൃത്തുക്കള്‍ക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു. വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും എന്നാലും നന്നായി പോകുമെന്നും റിസ്‍വാന വാട്ട്സ് ആപ്പ് സന്ദേശത്തില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് ഭര്‍ത്യ വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.