മോഷണം കഴിഞ്ഞ് സിസിടിവിക്ക് ഫ്ലൈയിങ് കിസ് കൊടുത്ത് മുങ്ങി; രണ്ടാം ദിനം പിടിയില്‍
ഹെൽമറ്റും റെയിൻകോട്ടും ധരിച്ചതിനാൽ ആരും തിരിച്ചറിയില്ലെന്ന് കരുതി. പക്ഷെ ദിവസം രണ്ട് കഴിഞ്ഞതോടെ പിടിയിലായി.
കോഴിക്കോട്: ഉള്ള്യേരി ആനവാതിലിലെ വി കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. ക്ലിനിക്കിൻറെ പൂട്ട് കുത്തിപ്പൊളിച്ചായിരുന്നു മോഷണം. മലപ്പുറത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
സിസിടിവിയിൽ നോക്കി ഫ്ലൈയിങ് കിസ് നൽകിയും ഹായ് പറഞ്ഞും ബൈ പറഞ്ഞും അശ്ലീല ആംഗ്യം കാണിച്ചും പണവുമായി കള്ളൻമാർ മടങ്ങിയതാണ്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചതിനാൽ ആരും തിരിച്ചറിയില്ലെന്ന് കരുതി. പക്ഷെ ദിവസം രണ്ട് കഴിഞ്ഞതോടെ പൊലീസ് പിടിയിലായി.
കഴിഞ്ഞ ഞായറാഴ്ചയാണ് ആനവാതിലിലെ വി കെയർ പോളി ക്ലിനിക്കിൻറെ പൂട്ട് പൊളിച്ച് 12,000 രൂപ മോഷ്ടിച്ചത്. മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബൈക്കിലാണ് മോഷ്ടാക്കൾ എത്തിയത്. ഈ ബൈക്ക് കേന്ദ്രീകരിച്ചും ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പരയ്ക്കൽ എം കിഷോർ, ചേളാരി സ്വദേശി അബ്ദുൽ മാലിക് എന്നിവരെ വീടുകളിൽ വെച്ച് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉള്ള്യേരിയിലെ സിമൻറ് കട കുത്തിത്തുറന്നതും നടുവണ്ണൂരിലെ പെട്രോൾ പമ്പ് കവർച്ച നടത്തിയതുമടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കിഷോറിൻറെ പേരിൽ ഇരുപതോളം കേസുകൾ ഉണ്ട്. അബ്ദുല്‍ മാലിക് ആദ്യമായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്.