റോബിൻ ബസ് സർവീസ് തുടങ്ങി; പെർമിറ്റ് ലംഘിച്ചെന്ന് എം.വി.ഡി, 7500 രൂപ പിഴ

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ അഞ്ചുമണിക്കാണ് ബസ് യാത്ര തുടങ്ങിയത്.

Update: 2023-11-18 02:14 GMT
Advertising

പത്തനംതിട്ട: റോബിൻ ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. യാത്ര തുടങ്ങി 200 മീറ്റർ പിന്നിട്ടപ്പോൾ തന്നെ പിഴ ചുമത്തി. പെർമിറ്റ് ലംഘനത്തിനാണ് 7500 രൂപ പിഴ ചുമത്തിയത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എം.വി.ഡി. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ അഞ്ചുമണിക്കാണ് ബസ് യാത്ര തുടങ്ങിയത്. 

അതേസമയം, റോബിൻ ബസിനെ പൂട്ടാൻ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹരജി നൽകി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചട്ടങ്ങളിലെ ചില വകുപ്പുകൾ നിയമത്തിനെതിരെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓടാൻ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് അനുമതി. മറ്റ് വാഹനങ്ങള്‍ ഓടുന്നത് കെ.എസ്.ആർ.ടി.സിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹരജിയിൽ പറയുന്നുണ്ട്.

ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബറിൽ എം.വി.ഡി പരിശോധനയിൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News