രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലം: ദേവസ്വം ബോർഡ് പ്രസിഡൻറ്

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് ഇന്നത്തെ ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്

Update: 2023-11-13 10:07 GMT
Devaswom Board President K Ananthagopan said that the royal family representatives did not participate in the Temple Entry Proclamation anniversery due to ill health.
AddThis Website Tools
Advertising

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തതിരുന്നത് അനാരോഗ്യം മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ അനന്തഗോപൻ. പരിപാടി വിവാദമായ സാഹചര്യത്തിലാണ് രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാതിരിക്കുന്നതെന്ന് നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ അതിന് വിരുദ്ധമായാണ് അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. രാജകുടുംബ പ്രതിനിധികൾ വരില്ലെന്ന് ഇന്ന് രാവിലെയാണ് അറിയിച്ചതെന്നും അവരുമായി നോട്ടീസ് വിവാദം ചർച്ച ചെയ്തിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. 

വിവാദ നോട്ടീസ് ബോർഡിന്റെ അംഗീകാരത്തോടെയല്ല പ്രസിദ്ധീകരിച്ചതെന്നും സാധാരണ അംഗീകാരം വാങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പ്രവേശനം നേടിയത് ശക്തമായ സമരങ്ങളിലൂടെയാണെന്നും ഒരു നോട്ടീസ് കൊണ്ട് അത് തമസ്‌കരിക്കാനാകില്ലെന്നും പ്രസിഡൻറ് വ്യക്തമാക്കി. ഇന്ന് നടക്കുന്ന ബോർഡ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും ബന്ധപ്പെട്ട ഡയറക്ടറോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിയിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവരെയായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.

വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News