ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരണ ചെലവ് 31.92 ലക്ഷം രൂപ; കണക്ക് പുറത്തുവന്നതോടെ അവസാനിച്ചത് സർക്കാർ ഒളിച്ചുകളി
ക്ലിഫ് ഹൗസിന്‍റെ നീന്തൽക്കുളം നവീകരിക്കാൻ എത്ര രൂപ ചെലവഴിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ 10.11.21 ൽ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരണ ചെലവ് 31.92 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖയിലൂടെ പുറത്തു വന്നതോടെ അവസാനിച്ചത് സർക്കാർ ഒളിച്ചുകളി. നിയമസഭാ ചോദ്യത്തിന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി ഇതുവരെ മറുപടി നൽകാത്തതിനിടെയാണ് കണക്ക് ടൂറിസം ഡയറക്ടർ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്.
ക്ലിഫ് ഹൗസിന്‍റെ നീന്തൽക്കുളം നവീകരിക്കാൻ എത്ര രൂപ ചെലവഴിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ 10.11.21 ൽ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. പൊതു മരാമത്ത് വകുപ്പ് മുഖേന നീന്തൽകുളത്തിന്‍റെ നവീകരണത്തിനായി തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. തുടർന്ന് 14-3-22 ൽ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്‍റെ നവീകരണത്തിന് ടൂറിസം വകുപ്പ് മുഖേന എത്ര തുക ചെലവഴിച്ചു എന്ന ചോദ്യം റിയാസിനോട് ഉന്നയിച്ചു. ഈ ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയില്ല.