രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധം; വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി
വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു
വിദേശത്ത് നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശം പുതുക്കി ആരോഗ്യ വകുപ്പ്. ഇതു പ്രകാരം രോഗ ലക്ഷണമുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ പരിശോന നിർബന്ധമാണ്. സ്വന്തം ചിലവിലാണ് രോഗ ലക്ഷണമുള്ളവർ പരിശോധന നടത്തേണ്ടത്. രണ്ട് ശതമാനം പേർക്ക് റാണ്ടം ടെസ്റ്റ് നടത്തുകയും പോസ്റ്റീവാകുന്നവരുടെ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കുകയും ചെയ്യും.
വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. രോഗലക്ഷണമുള്ളവർ ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല.
പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദേശവും യോഗം അംഗീകരിച്ചു.