മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്നും ചീഫ് സെക്രട്ടറിയുടെ സ്ഥിരീകരണം

Update: 2024-05-27 13:17 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളുടെ ആലോചന ഉദ്യോഗസ്ഥതലത്തിൽ മാത്രം നടന്നിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശങ്ങൾ നൽകിയത് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കടമയുടെ ഭാഗമാണ്.

ഇതു പതിവായി നടക്കുന്നതുമാണ്. ഇതിനെയാണ് ദുരുപദിഷ്ടിതമായി വ്യാഖ്യാനിച്ച് മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ഡ്രൈഡേ ഒഴിവാക്കണമെന്ന ആവശ്യം വ്യവസായം, ടൂറിസം മേഖലകളിലെ സ്റ്റേക് ഹോൾഡേഴ്‌സിന്റെ ഭാഗത്തുനിന്നു വളരെ മുൻപുതന്നെ ഉയർന്നുവന്നിട്ടുള്ള കാര്യമാണ്. എക്‌സൈസ് വകുപ്പിലും സ്റ്റേക് ഹോൾഡേഴ്‌സിന്റെ ഭാഗത്തുനിന്നു സമാനമായ ആവശ്യമുയർന്നിട്ടുണ്ട്.

എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി നാലിനു ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലും ഈസ് ഓഫ് ഡുയിങ് ബിസിനസിന്റെ ഭാഗമായി മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു സ്റ്റേക് ഹോൾഡേഴ്‌സ് ഉന്നയിച്ച വിഷയങ്ങളിലും ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യം ഉയർന്നിരുന്നു.

എന്നാൽ മദ്യനയവുമായി ബന്ധപ്പെട്ട പ്രത്യേക യോഗമല്ല മെയ് 21ന് ചേർന്നതെന്ന് ടൂറിസം ഡയറക്ടർ നേരത്തെ പറഞ്ഞിരുന്നു. യോഗം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദേശ പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ സ്റ്റേക്ക് ഹോൾഡേഴ്സിന്റെ മീറ്റിങ്ങുകൾ ഇടവേളകളിൽ ചേരാറുണ്ട്. അത്തരത്തിലുള്ള യോഗമാണ് ചേർന്നതെന്നും ടൂറിസം ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News