ശബരിമലയിൽ നടതുറന്ന് അഞ്ച് ദിവസമായിട്ടും ആരോഗ്യപ്രവർത്തകരുടെ നിയമനം പൂർത്തിയായില്ല

പ്രതികൂല കാലാവസ്ഥയും കോവിഡ് ഭീഷണിയും നിലനിൽക്കെയാണ് ആരോഗ്യപ്രവർത്തകരുടെ വിന്യാസത്തിൽ വീഴ്ച ഉണ്ടായത്

Update: 2021-11-19 06:25 GMT
Advertising

ശബരിമലയിൽ മണ്ഡലമഹോത്സവത്തിന് നടതുറന്ന് അഞ്ച് ദിവസമായിട്ടും ആരോഗ്യപ്രവർത്തകരുടെ നിയമനവും വിന്യാസവും പൂർത്തിയായില്ല. മെഡിക്കൽ ഓഫീസർമാരടക്കം 79 തസ്തികകളിലേക്കാണ് നിയമനം നടക്കേണ്ടത്. താൽകാലിക അടിസ്ഥാനത്തിലുള്ള നിയമന നടപടി പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കാനാണ് സാധ്യത. പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, പമ്പയിലെയും സന്നിധാനത്തെയും സർക്കാർ ആശുപത്രികൾ എന്നിവ കൂടാതെ അടിയന്തര വൈദ്യ സഹായത്തിനുള്ള താത്കാലിക സൗകര്യങ്ങൾ എന്നിവയാണ് മണ്ഡലകാലവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ക്രമീകരിക്കുന്നത്.. ആരോഗ്യവകുപ്പ് മന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാജോർജ് നേരിട്ട് തന്നെയാണ് കാര്യങ്ങൾ അവലോകനം ചെയ്യുന്നത്. എന്നിട്ടും നിയമന നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. കോവിഡ് ബ്രിഗേഡുകളായി പ്രവർത്തിച്ചവരിൽ ഭൂരിഭാഗത്തിനേയും പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം.

Full View

സന്നിധാനത്തെയും പമ്പയിലെയും ആശുപത്രികൾ സജ്ജമാണെങ്കിലും അടിയന്തര വൈദ്യസഹായത്തിനുള്ള കേന്ദ്രങ്ങളിലാണ് ആൾക്ഷാമം രൂക്ഷം. ഇവിടെ ഒമ്പത് മെഡിക്കൽ ഓഫീസർമാർ 36 സ്റ്റാഫ് നഴ്‌സ്, 20 അറ്റൻഡർമാർ അടക്കം 79 തസ്തികകളിലേക്കാണ് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുക. സന്നിധാനത്തേക്കുള്ള വഴിയായ സ്വാമി അയ്യപ്പൻ റോഡിൽ അഞ്ച് വൈദ്യസഹായ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.. നീലിമല വഴിയുള്ള പരമ്പരാഗത പാതയിലെ കേന്ദ്രങ്ങൾ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. തിരക്കേറുകയാണെങ്കിൽ പരമ്പരാഗത പാത തുറക്കുമെന്ന് ദേവസ്വം മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയും കോവിഡ് ഭീഷണിയും നിലനിൽക്കെയാണ് ആരോഗ്യപ്രവർത്തകരുടെ വിന്യാസത്തിൽ വീഴ്ച ഉണ്ടായത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News