ശബരിമലയിലെ തിരക്ക് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
ശബരിമലയിൽ കഴിഞ്ഞ അവധി ദിവസങ്ങളിലുണ്ടായ തിരക്കിനെ തുടർന്ന് ദർശന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിരുന്നു
തിരുവനന്തപുരം: ശബരിമലയിലെ ജനത്തിരക്ക് ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുന്നത്.മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ .ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി,ദേവസ്വം ബോർഡ് പ്രസിഡന്‍റ് അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുക്കും. ശബരിമലയിൽ കഴിഞ്ഞ അവധി ദിവസങ്ങളിലുണ്ടായ തിരക്കിനെ തുടർന്ന് ദർശന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിരുന്നു.
അതേസമയം ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി നേരിട്ട് ഹാജരായി വിശദീകരണം നൽകും. സുരക്ഷസംവിധാനങ്ങളെ കുറിച്ച് വീഡിയോ പ്രദർശിപ്പിക്കാമെന്ന് എഡിജിപി അറിയിച്ചിരുന്നു.
വിശ്രമസ്ഥലങ്ങളിലും ക്യൂ കോംപ്ലക്സിലും ശുചിത്വം ഉറപ്പാക്കണമെന്നും, കുട്ടികളെയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണമെന്നും ഇന്നലെ കോടതി നിർദേശം നൽകിയിരുന്നു. ശബരിമലയിൽ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുക.