'കെപിസിസിയുടെ കാര്യത്തിൽ ഇടപെടില്ല'; പാർട്ടി നിലപാട് കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ
'സമകാലിക രാഷ്ട്രീയ വിഷയങ്ങൾ സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചചെയ്യും'
മലപ്പുറം: കെ. സുധാകരന്റെ ആർ എസ് എസ് അനുകൂല പ്രസ്താവനയിലെ പാർട്ടി നിലപാട് കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചയാകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കെപിസിസി പ്രസിഡൻറിൻറെ തുടർച്ചയായ ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം അസ്വസ്ഥരാണ്. അതൃപ്തി നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നതിനിടെ മുന്നണി നേതൃത്വം വഹിക്കുന്ന പാർട്ടി അധ്യക്ഷൻറെ പ്രസ്താവന മെമ്പർഷിപ്പിനെയും ബാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. തുടർന്നാണ് ലീഗ് നേതാക്കൾ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. ഇതിനിടെ കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ ലീഗ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്തതായാണ് സൂചന.
അതേസമയം പരസ്യപ്രതികരണം ഇനിയുമുണ്ടായാൽ അത് മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കൂടാതെ യുഡിഎഫി ൽ കൂടിയാലോചനയില്ലാതെയാണ് യുഡിഎഫിൻറേതായി നിലപാടുകളും, തീരുമാനങ്ങളും കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിക്കുന്നതെന്ന വിമർശനവും ലീഗ് നേതാക്കൾക്കുണ്ട്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലാണ് പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തൽ പ്രധാന അജണ്ടയായി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്.