തൃശൂർ കോൺഗ്രസ് ഓഫീസിന് കാവി പെയിന്റടിച്ചു; വിവാദം
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ഡി.സി.സി ഓഫീസിന്റെ മുഖം മിനുക്കാൻ തീരുമാനിച്ചത്.
തൃശൂർ: കോൺഗ്രസ് ഓഫീസിന് കാവി നിറമടിച്ചു. തൃശൂർ ഡിസിസി ഓഫീസിലാണ് അബദ്ധം പറ്റിയത്. ത്രിവർണ പതാകയുടെ നിറമടിക്കാനായിരുന്നു തൊഴിലാളികളോട് നിർദേശിച്ചിരുന്നത്. എന്നാൽ അടിച്ചു വന്നപ്പോൾ ബിജെപി ഓഫീസിന്റെ നിറമാവുകയായിരുന്നു.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ഡി.സി.സി ഓഫീസിന്റെ മുഖം മിനുക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫീസിന് ദേശീയപതാകയുടേയും കോണ്‍ഗ്രസ് പതാകയുടേയും നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നീ പെയിന്റുകൾ അടിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കാവി കൂടിപ്പോവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് പെയിന്റടിച്ചത്.
ആളുകള്‍ കാണുന്നതിന് മുമ്പ് പെയിന്റ് മാറ്റിയടിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമമെങ്കിലും നാട്ടുകാരുടെ കണ്ണില്‍പ്പെടുകയായിരുന്നു. ഇതോടെയാണ് വിവാദമായത്. അബദ്ധം തിരിച്ചറിഞ്ഞ തൊഴിലാളികൾ ഇന്ന് രാവിലെ കാവി പെയിന്റ് മാറ്റി നടുവിൽ വെള്ളയും താഴെ പച്ചയും അടിച്ചു. തൊഴിലാളികള്‍ക്ക് അബദ്ധം പറ്റിയതാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.