ദിലീപ് കേസില്‍ ആരോപണവിധേയനായ സായ് ശങ്കറിനെതിരെ തട്ടിപ്പുകേസും
നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ദിലീപ് കേസില്‍ ആരോപണവിധേയനായ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെതിരെ തട്ടിപ്പുകേസും. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് കേസ്. കോഴിക്കോട് സ്വദേശി മിൻഹാജാണ് പരാതി നൽകിയത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം സായ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നോ എന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സായിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി. സായ് ശങ്കറിന്‍റെ വീട്ടിൽ രണ്ടാമത്തെ തവണയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത ഐ മാകിനെ കുറിച്ച് സായിയുടെ ഭാര്യ എസയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിൾ എന്ന യൂസർ ഐഡിയുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്‍റെ ഐ ഫോൺ ബന്ധിപ്പിച്ചാണ് രേഖകൾ നീക്കിയത് എന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തന്‍റെ ഐ മാകിന്‍റെ യൂസർ ഐഡി ഇതാണെന്ന് സായ് ചോദ്യംചെയ്യലിൽ സമ്മതിച്ചു. സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇത് ക്രൈം ബ്രാഞ്ച് വിശ്വാസത്തിൽ എടുത്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ള ആൾ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നതും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതും സംശയം വർധിപ്പിക്കുന്നുണ്ട്.