സജി ചെറിയാൻ രാജിയിലേക്കോ...? സിപിഎം സെക്രട്ടേറിയേറ്റ് യോഗം നിർണായകം
അന്തിമ തീരുമാനം മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിനെ അറിയിക്കും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ സിപിഎം സെക്രട്ടേറിയേറ്റ് യോഗം എ.കെ.ജി സെന്ററിൽ ചേർന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ സജി ചെറിയാന്റെ ഭരണഘടനാ നിന്ദ ചർച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിനെ അറിയിക്കും. സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം പ്രതികരിക്കാമെന്ന് യോഗത്തിനെത്തിയ മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പിണറായി സർക്കാറിന് മുന്നിലെ പുതിയ വെല്ലുവിളി
തുടർച്ചയായി വിവാദങ്ങളിൽ പെടുന്ന രണ്ടാം പിണറായി സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയായി മാറുകയാണ് സജി ചെറിയാന്റെ വിവാദ പരാമർശം. സജി ചെറിയാനെ എത്രനാൾ സംരക്ഷിക്കാൻ ആകുമെന്ന ആശങ്ക നേതൃത്വത്തിന് തന്നെയുണ്ട്. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്ന് പൂർണ പിന്തുണയും ഈ വിഷയത്തിൽ സിപിഎമ്മിന് ലഭിക്കാനിടയില്ല. ഗവർണറുടെ നിലപാടും കോടതി ഇടപെടലുകളുമൊക്കെ സർക്കാരിൻറെ സമ്മർദ്ദമേറ്റും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, സ്വർണക്കടത്ത് ആരോപണം രണ്ടാം എപ്പിസോഡ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. പ്രതിസന്ധികളും വിവാദങ്ങളും സിപിഎമ്മിനെയും പിണറായി സർക്കാരിനെയും വിടാതെ പിന്തുടരുകയാണ്. പാർട്ടി ആസ്ഥാനം ആക്രമിക്കപ്പെട്ടിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഇതിൽ ഭിന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന ഗവർണറുടെ പ്രസ്താവനയിലെ അപകടവും സർക്കാർ തിരിച്ചറിയുന്നു.
ഗവർണർ മുതൽ രാഷ്ട്രപതിക്ക് വരെ സജി ചെറിയാനെതിരെ പരാതികൾ പോയി കഴിഞ്ഞു. കോടതികളിലും വൈകാതെ പരാതികൾ എത്തും. ഇതൊക്കെ മറികടക്കുന്നത് സർക്കാരിന് അത്ര എളുപ്പമാകില്ല. വിവാദങ്ങൾ ഉണ്ടാകുമ്പോഴൊക്കെ പൂർണ പിന്തുണ നൽകുന്ന ഘടകകക്ഷികളും ഈ വിഷയത്തിൽ അത്ര അനുകൂല നിലപാടിൽ അല്ല എന്നാണ് സൂചന. ഗുരുതര വീഴ്ച സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന അഭിപ്രായം സിപിഐ നേതൃത്വത്തിന് ഉണ്ട്. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സിപിഎമ്മിന്റെ ദേശീയ നേതൃത്വം എന്തു നിലപാട് എടുക്കുമെന്നതും നിർണായകമാണ്.