ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടില്ല : മന്ത്രി സജി ചെറിയാന്‍
റിപ്പോർട്ട് പുറത്ത് വിടണമെന്ന് എന്തിനാണ് വാശി പിടിക്കുന്നതെന്ന് മന്ത്രി ചോദിച്ചു
തിരുവനന്തപുരം : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് എഴുതിയ ആൾ തന്നെ ഇത് ആവശ്യപെട്ടിട്ടുണ്ട്.റിപ്പോർട്ട് പുറത്ത് വിടണമെന്ന് എന്തിനാണ് വാശി പിടിക്കുന്നതെന്നും സിനിമാ മേഖലയിലെ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേര്‍ത്തു. ഈ മാസം നാലാം തിയതി നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. ഡബ്ല്യൂ സി സി അംഗങ്ങളേയും ചർച്ചയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പറഞ്ഞു.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മന്ത്രി പി.രാജീവിന്‍റെ വാദം ഡബ്ല്യൂ സി സി തള്ളി. മന്ത്രിയുടെ പ്രതികരണത്തിന്‍റെ കാരണം അറിയില്ലെന്നും ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഇപ്പോഴും ആവശ്യം എന്നും ഡബ്ല്യൂ.സി.സി അംഗം ദീദീ ദാമോദരൻ പറഞ്ഞു. അതീവ രഹസ്യമായി നൽകിയ വിവരങ്ങൾ പറഞ്ഞ ആളുകളുടെ വിവരങ്ങൾ പുറത്ത് വിടരുതെന്നാണ് ഡബ്ല്യൂ.സി.സി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നല്ല. മന്ത്രിയുടെ പ്രതികരണം അപ്രതീക്ഷിതമാണെന്നും മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടായതായി കരുതുന്നുവെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ദ ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ ഡബ്ല്യു.സി.സി പ്രതിനിധി കളുമായി ചർച്ച നടത്തിയെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നു.
റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാസ്കാരിക വകുപ്പിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.