സ്‌പെയിനില്‍ ടൂറിസത്തിന്റെ മുഖ്യം സെക്‌സ് ടൂറിസമാണ്, ഇവിടെ സെക്സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി: മന്ത്രി സജി ചെറിയാൻ
"സ്‌പെയിനിൽ ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവുചെടി വളർത്താൻ സർക്കാർ അനുമതി നൽകി"
തിരുവനന്തപുരം: മദ്യശാലയ്ക്കും ലൈംഗികതയ്ക്കും എതിരെയുള്ള കേരളത്തിന്റെ മനോഭാവത്തെ വിമർശിച്ച് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ. സ്‌പെയിനിൽ രണ്ടര ലക്ഷം മദ്യശാലകളുണ്ടെന്നും ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനിതാ നാടകകളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
'സ്‌പെയിനിൽ 2.50 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. മദ്യശാല വേണ്ടാന്ന് പറയും. അതിനെതിരെ സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ടൂറിസം ഡെസ്റ്റിനേഷനുള്ള രാജ്യമാണ് സ്‌പെയിൻ. അവർ ഹൈലൈറ്റ് ചെയ്യുന്നത് സെക്‌സ് ടൂറിസമാണ്. കേരളത്തിൽ സെക്‌സ് എന്നു പറഞ്ഞാൽ വലിയ പൊട്ടിത്തെറിയാണ്.'- സജി ചെറിയാൻ പറഞ്ഞു.
'സ്‌പെയിനിൽ ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവുചെടി വളർത്താൻ സർക്കാർ അനുമതി നൽകി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നുകൊടുത്ത രാജ്യമാണത്. ഇവിടെ നാം എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.
'ലൈംഗിക വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്. കേരളത്തിൽ ഇത് മഹാത്ഭുതം പോലെയാണ്. സ്ത്രീ-പുരുഷൻ മാത്രമാണോ, പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും.. അവരുടെ തലമുറ നിലനിർത്താൻ വേണ്ടി പ്രകൃതിയുടെ ഒരു നിയമമാണത്. അതിനപ്പുറത്തേക്ക് ഇതിൽ എന്താണ് ഉള്ളത്. ലൈംഗിക വിദ്യാഭ്യാസം നമ്മുടെ നാട്ടിലുണ്ടോ? അതു പറയാനുള്ള മനസ്സുണ്ടോ?'- അദ്ദേഹം ചോദിച്ചു.
ക്യാംപസിലെ സംഘടനാ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുറേ പഠിക്കുക, കുറേ ഛർദ്ദിക്കുക, എല്ലാവരും ജയിക്കുക, ഇതുമൂലം തുടർന്നു പഠിക്കാൻ സീറ്റില്ല. ഇതുമൂലം പാവം ശിവൻകുട്ടി (മന്ത്രി) വിഷമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദത്ത് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.''- മന്ത്രി പറഞ്ഞു.