''എം.പിമാര്‍ ഓട് പൊളിച്ചുവന്നവരല്ല; അവര്‍ക്ക് സല്യൂട്ടിന് അവകാശമുണ്ട്''; സുരേഷ് ഗോപിയെ പിന്തുണച്ച് കെ. മുരളീധരന്‍
ഡി.ജി.പിമാര്‍ക്കും എസ്.പിമാര്‍ക്കും വരെ പൊലീസ് സല്യൂട്ട് ആവാമെങ്കില്‍ എന്തുകൊണ്ട് എം.പിമാര്‍ക്ക് നല്‍കിക്കൂടായെന്ന് മുരളീധരന്‍ എം.പി ചോദിച്ചു
സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ എംപി. എം.പിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എം.പിമാര്‍ ഓട് പൊളിച്ചുകയറി വന്നവരല്ല. ഡി.ജി.പിമാര്‍ക്കും എസ്.പിമാര്‍ക്കും വരെ പൊലീസ് സല്യൂട്ട് ആവാമെങ്കില്‍ എന്തുകൊണ്ട് എം.പിമാര്‍ക്ക് നല്‍കിക്കൂടായെന്നും മുരളീധരന്‍ എം.പി ചോദിച്ചു. കോണ്‍ഗ്രസിലെ സെമികേഡര്‍ എന്തെന്ന് അറിയണമെങ്കില്‍ പാര്‍ട്ടി ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയും സുരേഷ് ഗോപി എംപിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യന്‍ പാര്‍ലമെന്റംഗത്തിനാണ് സല്യൂട്ടെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, ടിഎന്‍ പ്രതാപന്‍ എംപി സല്യൂട്ട് വിവാദത്തില്‍ എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതും 'സാര്‍' എന്നു വിളിക്കുന്നതും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തെഴുതുകയും ചെയ്തു.