അബ്ദുൽ ഹക്കീം ഫൈസിക്കെതിരെ കൂടുതൽ നടപടിക്ക് നീക്കം; സി.ഐ.സിയിൽ നിന്ന് പുറത്താക്കാൻ സമസ്ത ആവശ്യപ്പെടും
വിശദീകരണം ചോദിക്കാതെ പുറത്താക്കിയ നടപടിയിൽ സി.ഐ.സിയിൽ അതൃപ്തി പുകയുന്നു
കോഴിക്കോട്: സമസ്തയിൽ നിന്നും പുറത്താക്കിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സി.ഐ.സിയിൽ നിന്ന് പുറത്താക്കാൻ സമസ്ത ആവശ്യപ്പെടും. സി.ഐ.സി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളോടാകും സമസ്ത ആവശ്യം ഉന്നയിക്കുക. വിശദീകരണം പോലും തേടാതെ ഹക്കീം ഫൈസിയെ പുറത്താക്കിയിതിൽ സി.ഐ.സിക്ക് വലിയ അതൃപ്തിയുണ്ട്. സമസ്തയുടെ തുടർ നീക്കങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കാനാണ് സി.ഐ.സിയിലെ ധാരണ.
കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ ജനറൽ സെക്രട്ടറിയായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസതയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാനാണ് ഇന്നലെ കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ തീരുമാനിച്ചത്. സി.ഐ.സി സമസ്തയുടെ പോഷക സംഘനടനയോ സംവിധാനമോ അല്ലാത്തതിനാൽ സമസ്തക്ക് നേരിട്ട് തീരുമാനമെടുക്കാനാവില്ല. എന്നാൽ സമസ്തക്ക് കീഴിലെ കോളജുകളിലാണ് സി.ഐ.സിയുടെ വാഫി വഫിയ്യ കോഴ്‌സുകൾ പഠിപ്പിക്കുന്നത്.
സമസ്തയിൽ നിന്ന് പുറത്താക്കിയ ഒരാൾ സി. ഐ.സിയുടെ സുപ്രധാന സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സംഘടനക്കുള്ളത്. അതിനാൽ അബ്ദുൽ ഹക്കീം ഫൈസിയെ സി. ഐ.സിയുടെ ജനറൽ സെക്രട്ടറിയടക്കമുള്ള സ്ഥാനങ്ങളില് നിന്ന് പുറത്താക്കണമെന്ന സി. ഐ.സിയുടെ അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെടാന് സമസ്ത നേതൃത്വം തീരുമാനിച്ചു. വിദേശത്ത് നിന്ന് തിരികെ വരുന്ന സാദിഖലി തങ്ങളോട് സമസ്ത നേതൃത്വം ഇക്കാര്യം ആവശ്യപ്പെടും. ഇത് അംഗീകരിക്കാതെ വന്നാൽ സി.ഐ.സി സംവിധാനത്തോടുതന്നെ കടുത്ത നിലപാടെടുക്കേണ്ടവരുമെന്നാണ് സമസ്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം , ആദർശവ്യതിയാനം ഉൾപ്പെടെ ആരോപിച്ച് ഹക്കീം ഫൈസി പുറത്താക്കിയ സമസ്ത അദ്ദേഹത്തോട് വിശദീകരണം പോലും തേടിയില്ലെന്നത് സി.ഐ.സി അണികളിൽക്കിടയിൽ വലിയ അതൃപ്തിയായി പുകയുന്നുണ്ട്. സി.ഐ.സിയിൽ നിന്ന് കൂടി ഹക്കീം ഫൈസിയെപുറത്താക്കാന് ആവശ്യപ്പെട്ടാൽ എന്ത് തീരുമാനിക്കണമെന്നതടക്കം ആലോചിക്കുകായാണ് സി.ഐ.സി നേതൃത്വം.