സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ. കുട്ടി മുസ്ലിയാർ അന്തരിച്ചു
ഖബറടക്കം അമ്പലക്കടവ് മഹല്ല് ഖബർസ്ഥാനിൽ വെച്ച് നടക്കും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ. കുട്ടി മുസ്ലിയാർ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ അഞ്ചരയോടെയാണ് മരണം.Sys സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിൻ്റെ പിതാവാണ്.നിരവധി സ്ഥലങ്ങളിൽ മുദരിസ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഖബറടക്കം അമ്പലക്കടവ് മഹല്ല് ഖബർസ്ഥാനിൽ വെച്ചു നടക്കും.
ഒടങ്ങാടൻ മമ്മദ് മൊല്ലയുടെ മകനായി 1928 ൽ മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത അമ്പലക്കടവിലാണ് അദ്ദേഹം ജനിച്ചത്. എടപ്പറ്റ മോയിൻ മുസ്ലിയാരുടെ കീഴിൽ ഓത്തുപള്ളിയിലൂടെയാണ് പ്രാഥമിക പഠനം ആരംഭിച്ചത്. അതിന് ശേഷം പള്ളിശ്ശേരി,തുവ്വൂര്,കാളികാവ് ,കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി പതിമൂന്ന് വർഷം ദർസ് പഠനം. അതിന് ശേഷം വാഴയൂരിൽ ദർസ് അധ്യാപനം ആരംഭിച്ചു.ഒരു വർഷം കഴിഞ്ഞപ്പോൾ 1961 ൽ പകരം ഒരു മുദരിസിനെ നിർത്തി കുട്ടി ഒ. കുട്ടി മുസ്ലിയാർ ദയൂബന്ധ് ദാറുൽ ഉലൂമിലേക്ക് ഉപരിപഠനത്തിനായി തിരിച്ചു.1962 ൽ ഖാസിമി ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി.
വാഴയൂർ ദർസ് വിട്ട ശേഷം കോട്ടയം,ഈരാറ്റുപേട്ട,നിലമ്പൂർ,കണ്ണാടിപ്പറമ്പ്,എടയാറ്റൂർ,തുവ്വൂര് എന്നിവിടങ്ങളിലും ഒന്നു രണ്ട് കോളേജുകളിൽ പ്രിൻസിപ്പാളുമായി നീണ്ട അര നൂറ്റാണ്ടിലേറയുള്ള അധ്യാപന ജീവിതം നയിച്ച അദ്ദേഹം ശാരീരിക അസ്വസ്ഥതകൾ കാരണം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. പഠനകാലത്ത് വീടുകളിൽ കുടിയോത്തിന് പോയിരുന്ന ഒ. കുട്ടി മുസ്ലിയാർ അത് കാരണം ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ഹാഫിള് കൂടിയാണ്. 1961ൽ ഫറൂഖ് റൌളത്തൂൽ ഉലൂമിൽ ചേർന്ന് അഫ്ദലുൽ ഉലമ പാസ്സാകുകയും ചെയ്തു.