ഡൽഹിയിലെ സംഘർഷം: സംഘ്പരിവാർ ഗൂഢാലോചനയുടെ ഫലമെന്ന് യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി
വംശവെറിയുടെ ബുൾഡോസർ രാഷ്ട്രീയമാണ് രാജ്യത്ത് ഇപ്പോൾ നടപ്പാക്കുന്നതെന്നും ഫൈസൽ ബാബു
ന്യൂഡല്‍ഹി: ഡൽഹിയിലെ സംഘർഷം സംഘ്പരിവാർ ഗൂഢാലോചനയുടെ ഫലമെന്ന് മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബു. ഇതിനായി ഹനുമാൻ ജയന്തി ആഘോഷം മറയാക്കി. ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് അവരുടെ വീടുകൾ തകർക്കാൻ ശ്രമിച്ചുവെന്ന് യൂത്ത് ലീഗ് വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. വംശവെറിയുടെ ബുൾഡോസർ രാഷ്ട്രീയമാണ് രാജ്യത്ത് ഇപ്പോൾ നടപ്പാക്കുന്നതെന്നും ഫൈസൽ ബാബു ആരോപിച്ചു.
അതേസമയം ഹനുമാൻജയന്തി ദിവസം സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഉത്തരവ് വന്ന ശേഷവും പൊളിച്ച് നീക്കൽ തുടർന്നതിനാൽ കോടതി വീണ്ടും ഇടപെട്ടു. ഭരണഘടനയാണ് തകര്‍ക്കപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
രാവിലെ ഒൻപത് മണിയോടെയാണ് ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ആരംഭിച്ചത്. അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുന്നതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വിശദീകരണം നൽകിയെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു നടപടി.
ഏഴ് ബുൾഡോസറുകളാണ് പൊളിച്ചു നീക്കലിന് എത്തിയത്. സംഘർഷമുണ്ടായ സാഹചര്യത്തിൽ വിന്യസിച്ച പൊലീസുകാർക്ക് പുറമെ 400 പൊലീസുകാരെകൂടി സ്ഥലത്ത് അധികമായി വിന്യസിച്ചിരുന്നു. കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ ആരംഭിച്ച ശേഷമാണ് നിർണായകമായ സുപ്രീം കോടതിയുടെ ഇടപെടൽ.