സരിത്ത് ജയിൽമോചിതനായി
മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ മോചിതരായി.
നയതന്ത്രസ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ജയിൽ മോചിതനായി. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ മോചിതരായി. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു പ്രതികൾ. നയതന്ത്ര സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്ത പ്രതിയാണ് സരിത്ത്. ഒരു വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് ജയിൽ മോചനം.
കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊള്ളയായിരുന്നു നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 പ്രതികളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 35 പ്രതികളുണ്ട്. രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പല വഴിക്കായി തുടരുമ്പോഴും നയതന്ത്ര ബാഗേജ് മറയാക്കിയുള്ള സ്വർണക്കടത്തിന് പിന്നിലെ യഥാർഥ കണ്ണികൾ ആരെന്ന് ഇപ്പോഴും ഉത്തരമില്ല. കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ..
പറന്നിറങ്ങിയ നയതന്ത്ര ബാഗേജ്
2020 ജൂലൈ 5നാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയ്ക്കായി ദുബൈയിൽ നിന്ന് എത്തിയ നയതന്ത്ര ബാഗേജിൽ കസ്റ്റംസ് 30 കിലോ സ്വർണ്ണം കണ്ടെത്തുന്നു. സംഭവം കാട്ടുതീ പോലെ ആളി പടർന്നതോടെ ഒന്നിന് പുറകെ ഒന്നായി കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തി.
വിവാദങ്ങളില്‍ നിറഞ്ഞ് സ്വപ്ന
അന്വേഷണം ആദ്യം യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷ് എന്ന യുവതിയിലേക്കാണ് നീണ്ടത്. പ്രമുഖര്‍ക്കൊപ്പമുള്ള സ്വപ്‌നയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദങ്ങളും കത്തിപ്പടര്‍ന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് നല്‍കിയ നിയമനവും ചര്‍ച്ചയായി. യു.എ.ഇയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്വപ്‌നയുടെ ബിരുദം വ്യാജമാണെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. നേരത്തെ എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലിചെയ്യുന്നതിനിടെ നല്‍കിയ വ്യാജ പീഡന പരാതികളിലും അന്വേഷണമുണ്ടായി.
സ്വപ്ന അറസ്റ്റില്‍
2020 ജൂലൈ 19നാണ് സ്വപ്‌ന സുരേഷിനെ ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഒളിവില്‍ കഴിഞ്ഞ സ്വപ്നയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. സ്വപ്‌നയക്കൊപ്പം സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരും പിടിയിലായി. ഇവരുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെതിരെ പ്രതികൾ മൊഴി നൽകിയതോടെ സർക്കാരും പ്രതിക്കൂട്ടിലായി. സ്വർണക്കടത്തിൽ ഭീകരവാദ ബന്ധം ഉണ്ടെന്ന് എൻ.ഐ.എ എഫ്.ഐ.ആർ ഇട്ടു. തൊട്ടുപിന്നാലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കസ്റ്റംസിനും എൻഐഎയ്ക്കും മുമ്പ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തു.
എം. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപത്തെ ഈ ഫ്‌ളാറ്റിനെ കുറിച്ചും ഒരുപാട് ആരോപണങ്ങൾ പുറത്തു വന്നു. സ്വർണക്കടത്തിന്‍റെ പ്രധാന ഗൂഢാലോചനകേന്ദ്രം ആ ഫ്‌ളാറ്റായിരുന്നു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. എന്നാൽ ഇവിടെയും കഥകൾക്കപ്പുറം ഒന്നും തെളിവുകളുടെ പട്ടികയിലേക്കെത്തിക്കാൻ ഏജൻസികൾക്കായില്ല. കോൺസുലേറ്റിന്റെ സഹകരണത്തോടെയുള്ള ഈത്തപ്പഴ-ഖുറാൻ ഇറക്കുമതിയിലും കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ടായി. അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീലിനെ കസ്റ്റംസും എൻഐഎയും ഇഡിയും ചോദ്യം ചെയ്തു. പ്രതികൾ നടത്തിയ ഡോളർ കടത്തിൽ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനെതിരെ മൊഴി പുറത്തുവന്നു. കസ്റ്റംസ് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തു. ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിലെ കരാറിലും കമ്മീഷൻ ഇടപാടിന് തെളിവുകൾ.
ശിവശങ്കറിനെതിരെ ഇഡിയുടെ കുറ്റപത്രം
സി.ബി.ഐ കേസെടുത്തതിന് പിന്നാലെ ലൈഫിൽ ശിവശങ്കറക്കം എട്ടുപേരെ പ്രതി ചേർത്ത് വിജിലൻസ് മറ്റൊരു വഴിക്ക്. ഡിസംബർ 24ന് ശിവശങ്കറിനെതിരെ ഇഡിയുടെ കുറ്റപത്രം. ജനുവരി അഞ്ചിന് ശിവശങ്കറിനെ ഒഴിവാക്കി എൻഐഎ കുറ്റപത്രം. ഏറ്റവുമൊടുവിൽ യുഎഇ കോൺസുലേറ്റ് ജനറൽ അടക്കം 53 പേർക്കെതിരെ കസ്റ്റംസിന്റെ കാരണം കാണിക്കൽ നോട്ടീസ്. കേസിൽ ഇതുവരെ തീവ്രവാദ ബന്ധം തെളിയിക്കാനോ, കോൺസുലേറ്റ് അറ്റാഷെ അടക്കമുള്ളവരെ വിദേശത്ത് പോയി ചോദ്യം ചെയ്യാനോ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല
ഒടുവില്‍ ജാമ്യം
നവംബര്‍ 2നാണ് സ്വപ്ന, സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. സ്വപ്നയുടെ മേൽ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു.കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയുടെ കരുതല്‍ തടങ്കലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം പുറത്തേക്ക്
സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ശനിയാഴ്ച പുറത്തിറങ്ങിയത്. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് മോചനം വൈകാന്‍ കാരണമായത്. തിരുവനന്തപുരത്തെ രണ്ടു കേസുകളിലും ജാമ്യം നേടിയിരുന്നു. എറണാകുളത്തെ കേസുകളിൽ വിവിധ കോടതികളിലായ 28 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്.