സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്നുമായി സഹകരിക്കാൻ സൗരവ് ഗാംഗുലി
വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ വിപുലമായ കർമപദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്
സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്നുമായി സഹകരിക്കാൻ ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി കൂടിക്കാഴ്ച നടത്തും.
വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ വിപുലമായ കർമപദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ട് മുതൽ വിപുലമായ ക്യാംപെയ്ൻ ആരംഭിക്കും. സംസ്ഥാന തലം മുതൽ സ്‌കൂൾ തലം വരെ സമിതികൾക്ക് രൂപം നൽകാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയുടെ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ഏകോപിപ്പിക്കാനും സെപ്റ്റംബർ 13ന് നടന്ന യോഗത്തിൽ തീരുമാനമായിരുന്നു.
നവംബർ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഉൾപ്പടെ പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കാനാണ് തീരുമാനം.