ലക്ഷദ്വീപില്‍ 10 പേര്‍ കൂടി അറസ്റ്റില്‍: ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒന്നിച്ച് പ്രതിഷേധിക്കുമെന്ന് സര്‍വകക്ഷിയോഗം
ലക്ഷദ്വീപിലെ വിവിധ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചത്
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നീക്കങ്ങൾക്കെതിരെ യോജിച്ചുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകാൻ സർവകക്ഷി യോഗത്തിൽ ധാരണ. ഇതിനായി സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചു. അതിനിടെ കിൽത്താൻ ദ്വീപിൽ കഴിഞ്ഞ ദിവസം 10 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ലക്ഷദ്വീപിലെ വിവിധ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ചത്. യു സി കെ തങ്ങൾ, ഡോ പി പി കോയ എന്നിവർ ജോയിൻ കൺവീനർമാരും ഡോക്ടർ കെ പി മുഹമ്മദ് സാദിഖ് കോഡിനേറ്ററുമായിട്ടുള്ള സേവ് ലക്ഷദ്വീപ് ഫോറം വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകും. സി ടി നജ്മുദ്ദീൻ, കോമളം കോയ എന്നിവർ ജോയിൻ കോർഡിനേറ്റർമാരും സി എൻ കാസിമി കോയ മെമ്പറുമാണ്.
ഫോറം അംഗങ്ങൾ കവരത്തിയിൽ എത്തി അഡ്മിനിസ്ട്രേറ്റെറെ നേരിൽ കാണും. ഇതിനകം ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് നന്ദി അറിയിച്ച് കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് കത്തയച്ചു.
അതേസമയം ലക്ഷദ്വീപില്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കില്‍ത്താനില്‍ കലക്ടർ അസ്കർ അലിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ച 10 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ 12 പേരെ റിമാന്‍ഡ് ചെയ്തിരുന്നു.