കണ്ണൂര്‍ വളക്കൈയിൽ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന്; അപകട കാരണം അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും
പരിക്കേറ്റ 18 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല
കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ 18 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.
ഇന്നലെ വൈകിട്ടാണ് വളക്കൈയിൽ വെച്ച് കുറുമാത്തൂര്‍ ചിന്മയ സ്കൂളിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അപകടം സമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്. അപകടം നടന്ന അതേസമയത്ത് തന്നെ നിസാമിന്‍റെ വാട്സാപ്പിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇന്നലെ വൈകിട്ട് നാലരയോടെയാണു നാടിനെ ഞെട്ടിച്ച അപകടം. കുറുമാത്തൂർ ചിന്മയ സ്‌കൂളിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. പഞ്ചായത്ത് റോഡിൽനിന്ന് നിയന്ത്രണം വിട്ട കീഴ്‌മേൽ മറിഞ്ഞ് ബസ് സംസ്ഥാനപാതയിൽ പതിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചുവീണ് ബസിനടിയിൽപെട്ട കുട്ടിയാണു മരിച്ചത്. 20 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 11 പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ഏഴുപേർ താലൂക്ക് ആശുപത്രിയിലുമാണ്. ഒരാളെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിന്‍റെ ഡ്രൈവറും കുട്ടികളെ നോക്കുന്ന ആയയും തളിപ്പറമ്പ് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.