സ്‌കൂൾ തുറക്കൽ: ഏകപക്ഷീയ തീരുമാനമെന്ന് അധ്യാപക സംഘടനകൾ
അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയുവും കോൺഗ്രസ് സംഘടനയായ കെ.പി.എസ്.ടിഎയും ആവശ്യമുന്നയിച്ചു.
സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി സംസ്ഥാന സർക്കാർ. പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി മാനദണ്ഡങ്ങൾ തീരുമാനിക്കും.
അതേസമയം സ്കൂൾ തുറക്കാൻ സർക്കാർ ഏകപക്ഷീയ തീരുമാനം എടുത്തെന്ന് ആരോപിച്ച് അധ്യാപകസംഘടനകൾ രംഗത്തുവന്നു. ആരോഗ്യ വകുപ്പ് മാത്രമല്ല തീരുമാനിക്കേണ്ടത്. അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയുവും കോൺഗ്രസ് സംഘടനയായ കെ.പി.എസ്.ടിഎയും ആവശ്യമുന്നയിച്ചു.
സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്.
ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് പൊതു വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക. എത്ര കുട്ടികളെ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാം, ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മതിയോ എന്നതും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കും. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ എത്തിക്കുമ്പോഴുള്ള കൊവിഡ് മാനദണ്ഡങ്ങളിലും യോഗമാകും വ്യക്തത വരുത്തുക.
ഇതോടൊപ്പം ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കര്‍മ്മ സമിതികളുടെയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പൊതു വിദ്യാഭ്യാസ വകുപ്പിനു മുന്നിലുള്ള ഒരു മാസത്തില്‍ താഴെയുള്ള സമയത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കണം.