2300 കുട്ടികൾ, ആവശ്യത്തിന് ക്ലാസ് മുറികളില്ല... അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ഈ സ്കൂള്‍
2300 വിദ്യാർഥികൾക്കായി 66 ക്ലാസ് മുറികൾ വേണ്ടിടത്ത് 35 ക്ലാസ് മുറികളിലാണ് ഇപ്പോൾ പഠനം.
സംസ്ഥാനത്തെ സ്‌കൂളുകൾ അത്യാധുനിക സൗകര്യങ്ങളിലേക്കുയരുമ്പോൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് മലപ്പുറത്തെ ഗവണ്‍മെന്‍റ് യു.പി സ്‌കൂൾ. 2300 കുട്ടികൾ പഠിക്കുന്ന എടരിക്കോട് ക്ലാരി യു.പി സ്‌കൂളിൽ ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോൾ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും വേണ്ടത്ര സുരക്ഷയില്ലാത്തതാണ്.
സ്‌കൂളിൽ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. കടുത്ത ചൂടിൽ ചുമരുകൾ പൂർണമല്ലാത്ത കെട്ടിടത്തിൽ ക്ലാസെടുപ്പ് അത്രയെളുപ്പമല്ല അധ്യാപകർക്കും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഒരു ക്ലാസ്സിൽ 30 കുട്ടികളെന്നാണ് കണക്ക്. എന്നാൽ ഈ സ്‌കൂളിൽ ഒരു ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് 65 കുട്ടികൾ. ആകെയുള്ള 2300 വിദ്യാർഥികൾക്കായി 66 ക്ലാസ് മുറികൾ വേണ്ടിടത്ത് 35 ക്ലാസ് മുറികളിലാണ് ഇപ്പോൾ പഠനം.
സുരക്ഷയില്ലാത്ത കെട്ടിടങ്ങളിൽ വിദ്യാർഥികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നതിൽ കടുത്ത ആശങ്കയിലാണ് രക്ഷിതാക്കള്‍. സ്‌കൂളിൽ ആവശ്യത്തിന് സ്ഥലമുണ്ട്, സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തി പുതിയ ക്ലാസ് മുറികളുണ്ടാക്കണമെന്നാണ് ഉയരുന്ന ആവശ്യം. നേരത്തെ എംഎല്‍എ ഫണ്ടിൽ നിന്നും സ്‌കൂളിനായി തുക അനുവദിച്ചെങ്കിലും പിന്നീട് അത് ലഭിച്ചില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.