എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടലാക്രമണത്തില്‍ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയില്‍

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Update: 2021-05-14 16:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

എറണാകുളം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. ചെല്ലാനത്ത് കടലാക്രമണത്തിൽ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

എറണാകുളം ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്. ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായാണ് തുടരുന്നത്. ഓഖി ദുരന്തസമയത്തുണ്ടായതിനേക്കാള്‍ രൂക്ഷമായ അവസ്ഥയാണിപ്പോള്‍. വീടുകളും മതിലുകളും തകര്‍ന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്. എറണാകുളം നഗരത്തിലും മലയോരമേഖലയിലും മഴ ശക്തമാണ്. എറണാകുളം നഗരത്തിലെ പി ആന്‍റ് ടി കോളനി, ഉദയ കോളനി തുടങ്ങിയവടങ്ങളിലെല്ലാം വീടുകളില്‍ വെളളം കയറി.

ഈ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News