അർജുനായി തിരച്ചിൽ: ആധുനിക ഡ്രഡ്ജർ എത്തിക്കും
ഡ്രഡ്ജറിന്റെ ചിലവ് കർണാടക സർക്കാർ വഹിക്കും
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി ആധുനിക ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപ മുടക്കി എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചിലവ് പൂർണമായും കർണാടക സർക്കാർ വഹിക്കും. ഉത്തരകന്നട ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഇതിനായി തുക വകയിരുത്തും. ആധുനിക ഡ്രഡ്ജർ തിങ്കളാഴ്ചയോടുകൂടി ഗംഗാവലി പുഴയിലെത്തുക്കും.
ഇന്ന് നടത്തിയ തിരച്ചിലിൽ അർജുന്റെ വാഹനത്തിന്റേതാണെന്ന് സംശയിക്കുന്ന ലോഹഭാഗങ്ങൾ കണ്ടെത്തി. ട്രക്കിന്റെ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നേവി പുറത്തുവിട്ടിരുന്നു. അതിനിടെ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന സതീഷ് സെയിൽ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി. പ്രസാദ് രംഗത്തുവന്നു.
കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്നും എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്നും പ്രാധാന്യത്തോടെയാണ് ഇക്കാര്യം കാണുന്നതെന്നും ഒരു തരത്തിലും പിന്നോട്ടു പോവില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരച്ചിലിനായി കേരളത്തിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ടെക്‌നീഷ്യന് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നുമായിരുന്നു സതീഷ് സെയിൽ എംഎൽഎയുടെ ആരോപണം.