ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ
സിഗ്നൽ കിട്ടിയ നാലാം സ്പോട്ടിലാണ് മാൽപെ സംഘത്തിന്റെ പരിശോധന
ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. ഉഡുപ്പിയിൽനിന്നുള്ള മുങ്ങൽ വിദഗ്ധരായ മാൽപെ സംഘമാണ് സ്പോട്ട് നാലിൽ പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെയടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ശനിയാഴ്ചയാണ് ഇവിടെ എത്തിയത്.
മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് മൺകൂനക്ക് അരികെ ഇവരെത്തിയത്. നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 12 ദിവസമായി തുടരുന്ന ദൗത്യത്തിൽ ആദ്യമായാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നത്.
ഐ ബോർഡ് പരിശോധനയിൽ അർജുന്റെ ലോറി 132 മീറ്റർ അകലെയാണെന്ന് കണ്ടെത്തിയിരുന്നു. ഐ ബോർഡ് ഡ്രോൺ പരിശോധനയിൽ ലോറിയുടെ സ്ഥാനം ഏറക്കുറെ ക്യത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
കാബിൻ തകർന്നിരിക്കാനാണ് സാധ്യത. എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയിട്ടുണ്ട്.