മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
എളമക്കര എസ്.എച്ച്.ഒ ജി. സാബുവിനെയാണ് തൃശൂർ വാടാനപ്പള്ളിയിലേക്ക് സ്ഥലംമാറ്റിയത്
കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര എസ്.എച്ച്.ഒ ജി. സാബുവിനെയാണ് തൃശൂര്‍ വാടാനപ്പള്ളിയിലേക്ക് സ്ഥലംമാറ്റിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത്.
കൊച്ചിയാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് സമരക്കാര്‍ പാഞ്ഞടുക്കുകയും വാഹനത്തിലടിക്കുകയും ചെയ്തത് സുരക്ഷാവീഴ്ചയാണെന്നാണ് കണ്ടെത്തല്‍. വെള്ളിയാഴ്ച ഉച്ചയോടെ കാക്കനാട്ടെ ഗവണ്‍മെന്റ് പ്രസ്സിലെ പുതിയ സി.ടി.പി. മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് സംഭവം. അതേസമയം, കോട്ടയത്ത് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സൈബര്‍ എസ്.എച്ച്.ഒ എം.ജെ സാബുവിനെയും സ്ഥലംമാറ്റിയിട്ടുണ്ട്.