കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ ആളെ തിരിച്ചയച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്ത് കൊണ്ടു പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
എറണാകുളം: എറണാകുളത്ത് കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയയാളെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് തിരിച്ചയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ എസ്പിയോട് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
അങ്കമാലി കാലടിയിൽ ഞായറാഴ്ചയായിരുന്നു വിവാദങ്ങൾക്കിടയാക്കിയ സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളെയും മെഡിക്കൽ ഷോപ്പ് ഉടമയെയും സുരക്ഷ മുൻനിർത്തി പൊലീസ് ഓഫീസർ തടയുകയായിരുന്നു. കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്ത് കൊണ്ടു പോ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
ഇതുപ്രകാരം ഇയാൾ വണ്ടി മാറ്റി കുഞ്ഞിനെയുമായി നടന്ന് മെഡിക്കൽ ഷോപ്പിലെത്തിയെപ്പോഴും പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടു. യുവാവിന്റെ പക്ഷം പിടിച്ച മെഡിക്കൽ സ്‌റ്റോർ ഉടമയോടും കയർത്ത ഉദ്യോഗസ്ഥൻ കൂടുതൽ കളിച്ചാൽ തന്റെ മെഡിക്കൽ സ്‌റ്റോർ പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഞായറാഴ്ചയായതിനാൽ മെഡിക്കൽ ഷോപ്പുകൾ ഇല്ലാതിരുന്നത് കൊണ്ട് ഏറെ അന്വേഷിച്ചാണ് മരുന്ന് വാങ്ങാൻ ദമ്പതികൾ കാലടിയിലെ മെഡിക്കൽ ഷോപ്പിലെത്തിയത്.