'ഗ്രോ വാസു കോടതി വളപ്പിൽ മാധ്യമങ്ങളോട് സംസാരിച്ചതിൽ സുരക്ഷാ വീഴ്ച'; പൊലീസുകാരോട് ഡിസിപി വിശദീകരണം തേടി
ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡിസിപി
കോഴിക്കോട്: കോടതിയിൽ ഹാജരാക്കുന്നതിനിടെ ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി. സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് കോഴിക്കോട് ഡി.സി.പി വിശദീകരണം ആവശ്യപ്പെട്ടത്.
കോഴിക്കോട് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രോ വാസുവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾക്ക് ശേഷം ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചാണ് ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്. കുന്ദമംഗലം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.
കോടതിയിലെത്തിക്കുന്നതിനുള്ള സുരക്ഷാ ചുമതല മെഡിക്കൽ കോളേജ് പൊലീസിനും കോടതി വളപ്പിലെ സുരക്ഷ കുന്ദമംഗലം പൊലീസിനുമായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി കെ.ഇ ബൈജു പറഞ്ഞു.
അതേസമയം, 2016 ലെ കേസിൽ എൽ.പി വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പൊലീസ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്. എന്നാൽ കേസ് അംഗീകരിക്കില്ലെന്നും ജാമ്യമെടുക്കില്ലെന്നും ഗ്രോവാസു കോടതിയിൽ നിലപാടെടുത്തു. തുടർന്ന് കുന്ദമംഗലം കോടതി റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 25 വരെയാണ് ഗ്രോ വാസുവിനെ റിമാൻഡ് ചെയ്തത്.