എഴുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടി; സീരിയൽ താരവും സുഹൃത്തും പിടിയിൽ
സീരിയൽ താരവും അഭിഭാഷകയുമായ നിത്യ, പരവൂർ സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം: എഴുപത്തഞ്ചുകാരനായ സർവകലാശാല മുൻ ജീവനക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. സീരിയൽ താരവും അഭിഭാഷകയുമായ നിത്യ, പരവൂർ സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പതിനൊന്ന് ലക്ഷം രൂപ തട്ടിയ പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് ഇര പൊലീസിനെ സമീപിച്ചത്.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ വീട് വാടകയ്ക്ക് ആവശ്യപ്പെട്ടാണ് വായോധികനെ ബന്ധപ്പെട്ടത്. പരിചയം പിന്നീട് സൗഹൃദമായി മാറി. നിത്യയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഇരയെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി ബിനു ഫോട്ടോയെടുത്തു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെട്ടുത്തി. തുടർന്ന് ഇരയിൽ നിന്ന് 11 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കി.
25 ലക്ഷം രൂപ നൽകാമെന്ന് ഇരയിൽ നിന്ന് രേഖാമൂലം എഴുതിവാങ്ങിയതായും പരാതിയിൽ പറയുന്നു. പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ഇര പരവൂർ പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ പ്രതികളെ പണം നൽകാമെന്ന് പറഞ്ഞ് തന്ത്രപൂർവ്വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.