'ഒക്ടോബർ 1 മുതൽ സേവന വേതന കരാർ നിർബന്ധമാക്കണം'; അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കളുടെ കത്ത്
സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ല
കൊച്ചി: ഒക്ടോബർ ഒന്നു മുതൽ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാർ നിർബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇതു സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമ്മാതാക്കൾ കത്തയച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയാണ് തിരുത്തൽ നടപടി. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ലെന്നും കത്തിൽ കർശനമായി പറയുന്നുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവർ നിർമാണ കമ്പനികളുടെ ലെറ്റർ ഹെഡിൽ കരാർ ചെയ്യണം.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.