അബിഗേലിനെ കണ്ടെത്തിയിട്ട് ഏഴ് മണിക്കൂര്‍; പ്രതികളെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പൊലീസ്

സംസ്ഥാനത്തെ പൊലീസുകാരെ മുഴുവൻ 21 മണിക്കൂറോളം പരിശോധനയ്ക്കായി വിനിയോഗിച്ചെങ്കിലും പട്ടാപ്പകൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ പ്രതികൾക്കായി

Update: 2023-11-28 15:10 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ ആറുവയസുകാരി അബിഗേലിന് വേണ്ടി കേരളാ പൊലീസ് സംസ്ഥാനത്തുടനീളം നടത്തിയത് സമാനതകളില്ലാത്ത തിരച്ചിലായിരുന്നു. സംസ്ഥാനത്തെ പൊലീസുകാരെ മുഴുവൻ 21 മണിക്കൂറോളം പരിശോധനയ്ക്കായി വിനിയോഗിച്ചെങ്കിലും പട്ടാപ്പകൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ പ്രതികൾക്കായി. കുട്ടിയെ ലഭിച്ചിട്ട് ഏഴുമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടുപിടിക്കാൻ ഇനിയും കഴിയാത്തത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ തന്നെ കാലതാമസമെടുത്തതാണ് ആദ്യ വീഴ്ച. ശേഷം ലഭിച്ച ഒരേയൊരു തുമ്പ് വെച്ച് പൊലീസ് അന്വേഷണത്തിനിറങ്ങി. സി.സി.ടി.വി ദൃശ്യങ്ങളിൽക്കണ്ട വെള്ള കാർ വെച്ചായിരുന്നു അന്വേഷണം. ഈ സമയത്തിനുള്ളിൽ കുട്ടിയുടെ വീട്ടുകാർക്ക് ആദ്യ ഫോൺ വിളിയെത്തി.  അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ ഫോണ്‍ വിളി. ഈ ആവശ്യം ഉന്നയിക്കുമ്പോൾ പൊലീസുകാരുടെ സാന്നിധ്യം കൂടി വീട്ടിലുണ്ടായിരുന്നു . അതിനിടയിൽ കാറിന്റെ നമ്പർ പ്ലേറ്റ് നോക്കിച്ചെന്നപ്പോൾ  അത് വ്യാജമാണെന്ന് മനസിലായി. അതിനിടയിൽ ഒരു ഫോൺ വിളി കൂടിയെത്തുകയും   10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഫോൺ വിളിച്ചത് എവിടെനിന്നെന്ന് നിസ്സാരമായി കണ്ടെത്തിയെങ്കിലും  ഫോൺ വിളി തുമ്പാകുമെന്ന് കരുതിയിടത്ത് നിരാശ മാത്രമായിരുന്നു ഫലം. എന്നാൽ ഫോൺ വിളിക്കാനായി പ്രതികൾ ഇറങ്ങിയ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഒരാളുടെ രേഖാചിത്രം വരച്ചെടുത്തു. പൊലീസിന് ആകെ ലഭിച്ച പിടിവള്ളി ഇതായിരുന്നു.. ഈ ചിത്രം മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഒപ്പം സംസ്ഥാന, ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന. കാടും മലയും പാറമടയും വരെ പരിശോധനയ്ക്ക് വിധേയമായെങ്കിലും കാര്യമുണ്ടായില്ല. 

കാർ വാടകക്ക് നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തിരുവനന്തപുരം തിരുവല്ലത്ത് നിന്ന് രാവിലെ ഒരു കാർ കണ്ടെത്തി.  ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ സ്ഥാപനത്തിൽ നിന്ന് ഒന്പതരക്ഷം രൂപയും പിടിച്ചെടുത്തു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട കാറല്ല അതെന്ന് പൊലീസിന് മനസ്സിലായി. അതോടെ മൂന്നുപേരെയും വിട്ടയച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊല്ലം നഗര ഹൃദയത്തിലെ തന്നെ ആശ്രാമം മൈതാനിയില്‍ നിന്ന് കുട്ടിയെ ലഭിക്കുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇന്നലെ രാത്രി കൊല്ലം ജില്ലയിൽത്തന്നെയുണ്ടായിരുന്ന പ്രതികൾ കുട്ടിയെ ഒളിപ്പിച്ചത് എവിടെ? തുറസ്സായ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ച് പോകാൻ മാത്രം ദുർബലമായിരുന്നോ പൊലീസിന്റെ പരിശോധന? പ്രതികളെ പിടികൂടാൻ വൈകുന്ന ഓരോ നിമിഷവും പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.  

ഇന്നലെ സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അബിഗേലും സഹോദരൻ നാലാം ക്ലാസുകാരൻ ജൊനാഥനും ട്യൂഷനിലേക്ക് പോകുംവഴിയാണ് നാലംഘസംംഘമെത്തിയത്. വീട്ടിൽ നിന്നു 100 മീറ്റർ ദൂരെയുള്ള ട്യൂഷൻ ക്ലാസിലേക്കു പോകുന്നതിനിടെ 4.30ഓടെ കുട്ടിയ തട്ടിയെടുത്തത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News