ലൈംഗികാരോപണ പരാതി: ശുചിത്വമിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് ഇടവേള ബാബു
പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് രാജി
തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിൽ നടൻ ഇടവേള ബാബു ശുചിത്വമിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ ആയിരുന്നു ഇടവേള ബാബു. ഇദ്ദേഹത്തിനെതിരെ പീഡന പരാതി ഉയർന്നതിനു പിന്നാലെ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും പൊതുപ്രവർത്തകരും രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സ്വയം ഒഴിയുന്നതായി ഇടവേള ബാബു നഗരസഭയെ അറിയിച്ചത്.
നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഇടവേള ബാബു അടക്കമുള്ള ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം നോർത്ത് പൊലീസ് ആണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. അംഗത്വത്തിന് അപേക്ഷ നൽകാൻ ഫ്ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണു പരാതിയിൽ പറയുന്നത്.