'പീഡന പരാതിക്കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം': ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ
കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ അപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
കൊച്ചി: പീഡന പരാതിക്കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകാൻ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകി. കേസിന്റെ വിചാരണ നടപടികൾ മാർച്ചിലേക്ക് പുനക്രമീകരിക്കാനും കോടതി നിർദേശിച്ചു.
ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. നേരത്തെ ഏപ്രിലിൽ ആയിരുന്നു വിചാരണ നടപടികൾ ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. കേസ് റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദന്റെ അപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.
2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.
എന്നാൽ തന്‍റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.