ലൈംഗിക ചൂഷണ പരാതി അക്കാദമി ഗൗനിച്ചില്ല; ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് പൈലറ്റ് ട്രെയിനി
പരിശീലനകേന്ദ്രത്തിലെ അവഹേളനത്തിൽ മനംനൊന്ത് നാടുവിട്ട പെൺകുട്ടിയെ മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്
തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ ലൈംഗിക ചൂഷണ പരാതിയില്‍ അക്കാദമിക്കെതിരെ വിദ്യാര്‍ഥിനി. മുഖ്യപരിശീലകനെതിരെ പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ ഗൗനിക്കാതെ ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. ഹൈക്കോടതിയില്‍ നിന്ന് മുഖ്യപരിശീലകന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അക്കാദമിയില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും പെണ്‍കുട്ടി ആരോപിച്ചു.
പരിശീലന പറക്കലിനിടെ പോലും മുഖ്യപരിശീലകന്‍റെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതായാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം നടന്നതായി തെളിവില്ലെന്ന് ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് അക്കാദമിയുടെ വിശദീകരണം. തനിക്കുണ്ടായ ദുരനുഭവം മുഴുവന്‍ സ്ഥാപനത്തിനറിയാമെന്നും താന്‍ കൊടുത്ത പരാതിയുടെ പകര്‍പ്പ് സഹപാഠികള്‍ ക്ലാസ് മുറിയിലിരുന്ന് വായിച്ച് കളിയാക്കിയെന്നും പെണ്‍കുട്ടി പറയുന്നു.
പരിശീലനകേന്ദ്രത്തിലെ അവഹേളനത്തില്‍ മനംനൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടിരുന്നു. ഇരുപത് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ കന്യാകുമാരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പരാതി നാളെ ലോകായുക്ത പരിഗണിക്കും.