എസ്എഫ്ഐ -എഐഎസ്എഫ് സംഘർഷം; രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പ്രതി ചേർക്കും
ഇന്നലെ എഐഎസ്എഫ് വനിത നേതാവിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗത്തിന്‍റെ പേരുണ്ടെന്നാണ് വിവരം
എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ കൂടുതൽ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. എഐഎസ്എഫ് വനിത നേതാവിന്‍റെ മൊഴിയിൽ രണ്ട് പേരുടെ പേരുകൾ കൂടി വന്നതോടെ ഇവരെയും പ്രതിചേർക്കും. ഇതിൽ ഒരാൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമാണെന്നാണ് വിവരം. എസ്എഫ്ഐ വനിത നേതാവിന്‍റെ മൊഴിയും വീട്ടിലെത്തി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ എഐഎസ്എഫ് വനിത നേതാവിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗത്തിന്‍റെ പേരുണ്ടെന്നാണ് വിവരം. ആദ്യം നല്‍കിയ പരാതിയിൽ അരുണ്‍ എന്നയാളിനെ കുറിച്ച് പരാമർശിച്ചിരുന്നു. പക്ഷെ മൊഴിയിൽ പേരില്ലാത്തതിനാൽ കേസ് എടുത്തില്ല. രണ്ടാമത്തെ മൊഴിയിൽ ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. വനിത നേതാവിന്‍റെ പുതിയ മൊഴിയിൽ രണ്ട് പേരെ കൂടി പ്രതിചേർക്കും.
എന്നാൽ സെനറ്റ് തെരഞ്ഞെടുപ്പിന് എത്തിയ അരുണ്‍ എന്ന എസ്എഫ്ഐ നേതാവ് അടിപിടിയിൽ ഇടപ്പെട്ടിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഇതിനെ നേരിടാനാണ് എസ്എഫ്ഐയുടെ തീരുമാനം. എഐഎസ്എഫും പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് കൂടുതൽ പേരിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയേക്കും. എസ്എഫ്ഐ വനിത നേതാവിൽ നിന്നും വീട്ടിലെത്തി മൊഴി ശേഖരിക്കും.