ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് എസ്എഫ്ഐ ബാനർ; അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം
അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്
കോഴിക്കോട്: ഗോഡ്സെയെ പ്രശംസിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നു. ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് എസ്എഫ്ഐ എൻഐടി യിൽ ബാനർ തൂക്കി. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് ബാനർ.
ഗോഡ്സെക്ക് നന്ദി പറഞ്ഞ എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഡി.വൈ.എഫ്.ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പിലാണ് ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ളക്സ് വെച്ചത്. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്.
ഗാന്ധിജിയുടെ ചരമവാർഷിക ദിനമായ ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') എന്നായിരുന്നു കമന്റ്.
'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റിൽ അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയതായി എൻ.ഐ.ടി ഡയറക്ടറും അറിയിച്ചിരുന്നു. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നൽകിയ കത്തിനാണ് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണയുടെ മറുപടി. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിച്ച് വിവരം എം.പിയെ അറിയിക്കുമെന്നും ഡയറക്ടർ അറിയിച്ചു.