'എറണാകുളത്ത് എസ്.എഫ്.ഐ സംഘടനാ സംവിധാനം കുത്തഴിഞ്ഞു'; ഏരിയാ കമ്മിറ്റികൾക്ക് രൂക്ഷവിമർശനവുമായി പ്രവർത്തന റിപ്പോർട്ട്- പകർപ്പ് മീഡിയവണിന്
മലബാർ മേഖലയിൽ മാത്രം പ്രവർത്തിച്ചിരുന്ന എം.എസ്.എഫ് എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട കാംപസുകളിൽ ഇപ്പോൾ സജീവമാണെന്നും മഹാരാജാസിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഫ്രറ്റേണിറ്റി ഗവേഷണ വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും വിലയിരുത്തലുണ്ട്
കൊച്ചി: സംഘടനാ സംവിധാനം കുത്തഴിഞ്ഞത് അക്കമിട്ട് നിരത്തി എസ്.എഫ്.ഐ എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. വൈപ്പിൻ, കളമശ്ശേരി, അങ്കമാലി, തൃക്കാക്കര ഏരിയകളിൽ ശക്തമായ വിഭാഗീയത നിലനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്. വിഭാഗീയത സംഘടനാ പ്രവർത്തനത്തെ ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിനു ലഭിച്ചു.
കളമശ്ശേരിയിലെ തകർന്ന സംഘടനാ സംവിധാനത്തെ കുറിച്ച് റിപ്പോർട്ട് ആശങ്കപ്പെടുന്നു. 42 വർഷം എസ്.എഫ്.ഐയുടെ കൈയിലായിരുന്ന കളമശ്ശേരി ഐ.ടി.ഐയിൽ തെരഞ്ഞെടുപ്പ് തോറ്റത് സംഘടനാപരമായ പോരായ്മയാണ്. ഫലം വരുന്നത് വരെ വിജയിക്കുമെന്ന് ഏരിയാ നേതൃത്വം അവകാശപ്പെട്ടെന്നും നിരുത്തരവാദപരമായ പ്രവർത്തനമാണ് നേതൃത്വം നടത്തിയതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിക്കും വിമർശനമുണ്ട്. എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്ന തൃപ്പൂണിത്തുറ ഗവ. ആർട്‌സ് കോളജിൽ നേരിട്ട കനത്ത പരാജയം കമ്മിറ്റിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനം മൂലമാണ്.
വൈപ്പിൻ ഏരിയാ കമ്മിറ്റിയുടെ ഒരു വിചിത്ര നടപടിയും റിപ്പോർട്ടിലുണ്ട്. ജില്ലാ കമ്മിറ്റിയുടെ അഭിമന്യു രക്തസാക്ഷി ദിനത്തിൽ ഒരാളെയും ഏരിയാ കമ്മിറ്റി പങ്കെടുപ്പിച്ചില്ല. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണത്തിൽ അഞ്ഞൂറോളം പേരെ പങ്കെടുപ്പിക്കുകയും ചെയ്തു. ഏരിയാ കമ്മിറ്റിയുടെ പക്വതക്കുറവാണ് ഇതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
റിപ്പോർട്ടിന്റെ മറ്റൊരു ഭാഗത്ത് എം.എസ്.എഫിന്റെ ശക്തി പരാമർശിക്കുന്നുണ്ട്. എ.ഐ.എസ്.എഫിനെ പരിഹസിക്കാനും മറന്നിട്ടില്ല. കാംപസുകളിൽ വലിയ തിരിച്ചടി നേരിട്ട കെ.എസ്.യു എറണാകുളം ജില്ലയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്.
മലബാർ മേഖലയിൽ മാത്രം പ്രവർത്തിച്ചിരുന്ന എം.എസ്.എഫ് എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട കാംപസുകളിൽ ഇപ്പോൾ സജീവമാണ്. മഹാരാജാസ് കോളജിൽ എം.എസ്.എഫ് വലിയ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
എ.ഐ.എസ്.എഫ്
ഒരിടത്തും വിദ്യാർത്ഥികളെ കാര്യമായി സംഘടിപ്പിക്കാൻ എ.ഐ.എസ്.എഫിന് ശേഷിയില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സംഘടനാ പ്രവർത്തനം പോസ്റ്ററിൽ മാത്രമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശേഷിയില്ലെങ്കിലും എസ്.എഫ്.ഐക്കെതിരെ പ്രചാരണം നടത്തി വോട്ടുകൾ ഭിന്നിപ്പിക്കുന്നുവെന്നും വിമർശനമുണ്ട്.
ഫ്രറ്റേണിറ്റി
കെ.എസ്.യു കഴിഞ്ഞാൽ കാംപസുകളിൽ സംഘടനാ പ്രവർത്തനമുള്ളത് ഫ്രറ്റേണിറ്റിക്കാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ശ്രദ്ധനേടുന്ന വിഷയങ്ങളിലാണ് ഇടപെടുന്നത്. ഗവേഷണ വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും നിരീക്ഷിക്കുന്നു.
Summary: Ernakulam SFI organizational system is broken; Action report with strong criticism to area committees - copy to MediaOne