'കാട്ടാക്കട വിവാദത്തിൽ നേതാക്കൾക്ക് പങ്ക്, പ്രായം മറച്ചുവെച്ച് കമ്മിറ്റികളിൽ എത്തുന്നു...' എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം
സംസ്ഥാന സമിതി അംഗമായ നിരഞ്ജനെതിരെ ലഹരി ഉപയോഗത്തിന് നടപടി എടുത്തില്ലെന്നും അംഗങ്ങൾ വിമർശിച്ചു
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിനിധികൾ. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നതാണ് പ്രധാന വിമർശനം. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്ഐയെ പ്രതിസന്ധിയിലാക്കിയെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഏരിയ കമ്മിറ്റിയുടെ അറിവോടെയായിരുന്നില്ല ആൾമാറാട്ട ശ്രമമെന്നും ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളിലേക്ക് എസ്എഫ്‌ഐക്ക് കടക്കാനായില്ല എന്ന വിമർശനവും ഉയർന്നു. ആരൊക്കെയാണോ ആൾമാറാട്ടത്തിനുത്തരവാദികൾ അവർക്കെല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി അംഗമായ നിരഞ്ജനെതിരെ ലഹരി ഉപയോഗത്തിന് നടപടി എടുത്തില്ലെന്നും അംഗങ്ങൾ വിമർശിച്ചു. നിരഞ്ജൻ മദ്യമുപയോഗിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. പാറശ്ശാല,വിതുര കമ്മിറ്റികളിൽ നിന്നാണ് വിമർശനമുയർന്നത്.
ജില്ലാ സെക്രട്ടറിക്ക് പ്രായക്കൂടുതലാണ് എന്ന പരിഹാസവും ചർച്ചയിലുയർന്നു. എസ്.കെ ആദർശിന് 26 വയസ്സ് കഴിഞ്ഞു എന്നാണ് പ്രതിനിധികൾ പറയുന്നത്. സെക്രട്ടറി സ്ഥാനത്തിനിരിക്കാൻ 25 വയസ്സ് ആണ് പ്രായപരിധി എന്നിരിക്കെ ആദർശിനെ ഇപ്പോഴും സെക്രട്ടറി സ്ഥാനത്തിരുത്തുന്നതിനെ പ്രതിനിധികൾ വിമർശിച്ചു.നേതാക്കൾ എസ്എസ്എൽസി ബുക്കുമായി സമ്മേളനത്തിന് എത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി നിർദേശം നൽകി. പ്രായം മറച്ചുവെച്ച് കമ്മിറ്റികളിൽ എത്തുന്നവരെ തടയാനാണ് ഇത്.