തിരുവനന്തപുരത്തെത്തിയ ഗവർണർക്കുനേരെ രാത്രിയും കരിങ്കൊടി പ്രതിഷേധം
വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെയുള്ള വഴിയില്‍ ഇന്നലെ രാത്രി അഞ്ചിടത്ത് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി
തിരുവനന്തപുരം: കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ ഗവര്‍ണര്‍ക്ക് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെയുള്ള വഴിയില്‍ ഇന്നലെ രാത്രി അഞ്ചിടത്ത് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. എസ്.എഫ്.ഐ എല്ലാ വിദ്യാര്‍ത്ഥികളേയും പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും ഗവര്‍ണര്‍ ഇതിനിടെ ഡി.ജി.പിയെ അറിയിച്ചു.
തിരുവനന്തപുരത്ത് എത്തിയയുടനെ മാധ്യമ പ്രവര്‍ത്തകരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊമ്പ് കോര്‍ത്തു. വസ്തുതള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ ചോദ്യങ്ങളോട് ക്ഷുഭിതനായത്. പിന്നാലെ രാജ്ഭവനിലേക്ക് നീങ്ങിയ ഗവര്‍ണര്‍ക്ക് നേരെ ചാക്ക ഐടിഐ, പള്ളിമുക്ക്, ജനറല്‍ ഹോസ്പിറ്റല്‍ ജംങ്ഷന്‍, എകെ ജി സെന്‍റ് , പാളയം എന്നിവിടങ്ങളിലെല്ലാം എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ചു.
മാനവീയം ഭാഗത്ത് എസ്.എഫ്.ഐക്കാര്‍ തമ്പ് അടിച്ചിരുന്നെങ്കിലും മറ്റൊരു വഴിയിലൂടെ ഗവര്‍ണര്‍ രാജ്ഭവനിലെത്തി. ഇതോടെ രാജ്ഭവന്‍ ഭാഗത്തേക്ക് എസ്.എഫ്.ഐക്കാര്‍ നീങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തനിക്ക് സുരക്ഷ വേണ്ടെന്ന് ഗവര്‍ണര്‍ ഡി.ജി.പിയെ രേഖാമൂലം അറിയിച്ചെങ്കിലും കനത്ത സുരക്ഷയ്ക്കാണ് തിരുവനന്തപുരം നഗരത്തില്‍ പൊലീസ് ഒരുക്കിയത്.