സിദ്ധനും ഏജന്‍റും ഷാഫി: ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ടത് ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിലൂടെ

ഏജന്‍റ് ഷാഫി തന്നെയാണ് സിദ്ധനെന്ന പേരില്‍ ഭഗവല്‍ സിങ്ങിനു മുന്‍പില്‍ വന്നതെന്ന് പൊലീസ്

Update: 2022-10-11 09:53 GMT
Advertising

പത്തനംതിട്ടയില്‍ നടന്ന നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിലെ ഏജന്‍റ് ഷാഫി തന്നെയാണ് സിദ്ധനെന്ന പേരില്‍ ഭഗവല്‍ സിങ്ങിനു മുന്‍പില്‍ വന്നതെന്ന് പൊലീസ് പറഞ്ഞു.

ഷാഫി വ്യാജ പ്രൊഫൈലിലൂടെയാണ് ഭഗവൽ സിങിന് 'സിദ്ധനെ' പരിചയപ്പെടുത്തിയത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് പരിചയം സ്ഥാപിച്ചത്. റഷീദ് എന്ന സിദ്ധനെ കണ്ടാൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. പിന്നീട് സിദ്ധനായി ഭഗവല്‍ സിങ്ങിന്‍റെയും ഭാര്യയുടെയും മുന്നിലെത്തിയത് ഷാഫിയാണ്. ഇരകളെ എത്തിച്ച ഏജന്റായി പ്രവർത്തിച്ചതും ഷാഫി തന്നെ.

പദ്മയെയും റോസ്‍ലിനെയും കട്ടിലിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് ഷാഫിയുടെ മൊഴി. ആദ്യം കഴുത്തറുത്തത് ഭഗവൽ സിങിന്റെ ഭാര്യ ലൈലയാണ്. ഇരുവരുടെയും ശരീരത്തിലാകെ മുറിവേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപ്പെടുത്തിയ രീതി വിവരിക്കാൻ കഴിയാത്തതാണെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. നരബലിക്ക് വേണ്ടി കൂടുതൽ സ്ത്രീകളെ ഷാഫി സമീപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ജൂൺ 6, സെപ്തംബർ 26 എന്നീ ദിവസങ്ങളിലാണ് കൊലപാതകം നടന്നത് എന്നാണ് നിഗമനം.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മത്തെ കാണാതായത് സെപ്തംബര്‍ 26നാണ്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ ശെല്‍വം കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്‍റെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ എത്തിയത് പെരുമ്പാവൂർ സ്വദേശി ഷാഫിയില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡില്‍ എടുത്ത് ചോദ്യംചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ഇന്നലെ രാത്രി മുഴുവന്‍ ചോദ്യംചെയ്തതോടെ ഷാഫി കുറ്റം സമ്മതിച്ചു. പത്മത്തിന് പുറമെ റോസ്‍ലിന്‍ എന്ന കാലടി സ്വദേശിയെയും ബലി നല്‍കിയെന്ന് ഷാഫി മൊഴി നല്‍കി. പൊലീസ് പരിശോധനയില്‍ റോസ്‍ലിന്‍റെ തിരോധാനത്തിലും കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമായി. പത്തനംതിട്ട എലന്തൂർ പുന്നക്കാട് സ്വദേശികളായ ഭഗവല്‍ സിങ് - ലൈല ദമ്പതികള്‍ക്കായാണ് ബലി നടത്തിയതെന്ന് ഷാഫി മൊഴി നല്‍കിയതോടെയാണ് ഇവരേയും കസ്റ്റഡിയില്‍ എടുത്തത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു ബലിയെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടത്തായി കുഴിച്ചിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൃതദേഹം കണ്ടെത്താനായി അന്വേഷണസംഘം ഇലന്തൂരില്‍ തിരച്ചില്‍ തുടങ്ങി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News